സൗദിയുടെ യുദ്ധവിമാനം വെടിവച്ചിട്ടു | Oneindia Malayalam

2018-01-08 976

സൗദി അറേബ്യന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കി യമനിലെ ഹൂഥി വിമതര്‍. സൈന്യത്തിന്റെ യുദ്ധവിമാനം ഹൂഥികള്‍ വെടിവച്ചിട്ടു. സൗദിയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ശക്തമായ ആക്രമണം ഹൂഥികള്‍ നടത്തുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ട യുദ്ധത്തില്‍ ഇപ്പോഴും ശത്രുവിനെ തുരത്താന്‍ സൗദി സഖ്യസേനയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ യമന്‍ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൗദി സൈനികര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സല്‍മാന്‍ രാജാവ്. വടക്കന്‍ യമനിലെ സഅദ നഗരത്തിലാണ് സൗദി സൈന്യത്തിന്റെ വിമാനം തകര്‍ന്നുവീണത്. തങ്ങള്‍ വിമാനം വെടിവച്ചിട്ടതാണെന്ന് ഹൂഥികള്‍ അവകാശപ്പെട്ടു. ഹൂഥികളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് സഅദ. ഇവിടേക്ക് സൗദി സൈന്യത്തിന്റെ വിമാനം എത്തിയ ഉടനെയാണ് തകര്‍ന്നുവീണത്.ഹൂഥികളുമായി യുദ്ധം നടക്കുന്ന മേഖലയില്‍ യുദ്ധവിമാനം തകര്‍ന്നുവീണുവെന്നാണ് സൗദി അധികൃതര്‍ പറയുന്നത്. സാങ്കേതിക തകരാറാണ് വിമാനം വീഴാന്‍ കാരണമെന്നും സൗദി സഖ്യ സേനാ വക്താവ് തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴും യമനിലെ 90 ശതമാനം പ്രദേശങ്ങളുടെയും നിയന്ത്രണം ഹൂഥികള്‍ക്കാണ്. വടക്കന്‍ യമനും സന്‍ആയും നിയന്ത്രിക്കുന്നത് ഹൂഥികളാണ്